പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . അത്തരമൊരു സിനിമ സംവിധാനം ചെയ്യാൻ താൻ പദ്ധതിയിടുന്നതായും മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന തിരക്കഥ ലഭിച്ചാൽ തീർച്ചയായും അത് ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു.
എമ്പുരാനും ടൈസണും ശേഷമാകും മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം. തമിഴിൽ കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് കനകരാജ് യൂണിവേഴ്സ് ആരംഭിച്ചതുപോലെ ഒരു സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിക്കാൻ പൃഥ്വിരാജും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗത്തോടെ അവസാനിക്കില്ലെന്നും അത് തുടരുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
അതുകൊണ്ട് തന്നെ ലൂസിഫറിന്റെ മൂന്നാം ഭാഗമായ ചിത്രത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി നെഗറ്റീവ് കഥാപാത്രമായിട്ടായിരിക്കും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാനാണ് സാധ്യത. യൂണിവേഴ്സിന്റെ ഭാഗമായി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന മറ്റ് കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മലയാള സിനിമയുടെ താരസിംഹാസനങ്ങളെ അലങ്കരിക്കുന്ന ഇരുവരും മുഖാമുഖം വരുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.