കുവൈറ്റ് : കുവൈറ്റിലെ ഉപഭോക്തൃ വില സൂചിക 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ വില 8.23 ശതമാനം വർദ്ധിച്ചു. വസ്ത്രങ്ങൾ, ചെരിപ്പ്, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില 6.37 ശതമാനം ഉയർന്നു. ഈ വർഷം മേയിലെ നിരക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ആണ് ഈ വർധന.
ആരോഗ്യ സേവനങ്ങൾ 1.78 ശതമാനവും ഫർണിച്ചറുകളും വീട്ടുപകരണങ്ങളും 2.27 ശതമാനവും ഗതാഗതം 4.90 ശതമാനവും ആശയവിനിമയ സംവിധാനം 2.29 ശതമാനവും വർദ്ധിച്ചു. വിനോദ, സാംസ്കാരിക പരിപാടികൾക്കുള്ള ചെലവ് 3.88 ശതമാനം വർദ്ധിച്ചു. വിദ്യാഭ്യാസത്തിനുള്ള ചെലവിൽ വലിയ കുതിച്ചുചാട്ടമുണ്ടായി, ഇത് 18.95 ശതമാനം വർദ്ധിച്ചു. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും 2.77 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. സിഗരറ്റിന്റെ വിലയിൽ മാറ്റമില്ലായിരുന്നു.