തമിഴ്നാട്ടിലെ തിരുപ്പൂരിൽ വസ്ത്ര നിർമ്മാതാക്കൾ വീണ്ടും പണിമുടക്ക് തുടങ്ങി. നൂലിൻറെ വില കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടാഴ്ചത്തെ പണിമുടക്ക് ആരംഭിച്ചത്. കഴിഞ്ഞ മാസം മാത്രം ഒരു കിലോ നൂലിന് 40 രൂപ വർദ്ധിച്ച് 470 രൂപയായി.
കഴിഞ്ഞയാഴ്ച വ്യാപാരികളും നിർമാതാക്കളും രണ്ട് ദിവസമായി സൂചനാ പണിമുടക്ക് നടത്തിയിരുന്നു. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. പണിമുടക്കിൻ തൊട്ടുപിന്നാലെ തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ ധനമന്ത്രി നിർമ്മല സീതാരാമനെയും ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയലിനെയും സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പക്ഷേ, ഒരു ഇടപെടലും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജൂൺ 5 വരെ വസ്ത്ര നിർമ്മാതാക്കൾ പണിമുടക്ക് ആരംഭിച്ചത്.
പരുത്തിയുടെയും നൂലിൻറെയും കയറ്റുമതി അവസാനിപ്പിക്കുക, ഇറക്കുമതി തീരുവ അവസാനിപ്പിക്കുക, അവശ്യവസ്തുക്കളുടെ പട്ടികയിൽ പരുത്തിയും നൂലും ഉൾപ്പെടുത്തുക എന്നിവയാണ് വ്യാപാരികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈറോഡ്, കരൂർ മേഖലകളിൽ വസ്ത്ര നിർമ്മാതാക്കളും പണിമുടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ശരാശരി 360 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയ്ക്ക് ഉണ്ടായത്.