Spread the love

പൊന്നിയിൻ സെൽവൻ 1 ഈ വർഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. പ്രശസ്ത എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം ചിത്രം സംവിധാനം ചെയ്തത്. ആഗോളതലത്തിൽ 500 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാൻ കൽക്കിയുടെ പേരിലുള്ള ട്രസ്റ്റിന് ചിത്രത്തിന്‍റെ പിന്നണി പ്രവർത്തകർ ഒരു കോടി രൂപ സംഭാവന നൽകി.

കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന വിജയാഘോഷത്തിനിടെയാണ് സംവിധായകനും സംഘവും ഇക്കാര്യം അറിയിച്ചത്. നിർമ്മാതാവ് എ സുഭാസ്കരനും സംവിധായകൻ മണിരത്നവും ചേർന്ന് ട്രസ്റ്റ് ഓഫീസിൽ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്. കൽക്കി മെമ്മോറിയൽ ട്രസ്റ്റിന് വേണ്ടി മാനേജിംഗ് ട്രസ്റ്റി സീതാ രവി ചെക്ക് ഏറ്റുവാങ്ങി. കൽക്കി കൃഷ്ണമൂർത്തിയുടെ മകൻ കൽക്കി രാജേന്ദ്രനും സന്നിഹിതനായിരുന്നു.

ചെന്നൈയിൽ നടന്ന പൊന്നിയിൻ സെൽവന്‍റെ വിജയാഘോഷത്തിൽ സംവിധായകൻ മണിരത്നം, അഭിനേതാക്കളായ വിക്രം, കാർത്തി, ജയം രവി, പാർത്ഥിപൻ എന്നിവർ പങ്കെടുത്തു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. ജയമോഹനും ഇളങ്കോ കുമാരവേലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

By newsten