മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ തീയേറ്ററുകളിൽ തരംഗമാവുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് ചിത്രം 150 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് വിവിധ സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നായിരുന്നു ആദ്യ ദിനം മുതൽ ലഭിച്ച പ്രതികരണം. മണിരത്നം ചിത്രം വൻ ഹിറ്റാകുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ ചിത്രങ്ങൾ അണിനിരക്കുന്നു. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം 125 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.