Spread the love

നിർമ്മാണ മേഖലയിൽ വായു മലിനീകരണം രൂക്ഷമായിട്ടും ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് 94 ശതമാനം സ്ത്രീകളും പരാതിപ്പെടാൻ മടിക്കുന്നതായി സർവേ റിപ്പോർട്ട്. പർപ്പസ് ഇന്ത്യയും മഹിളാ ഹൗസിംഗ് ട്രസ്റ്റും സംയുക്തമായി നടത്തിയ സർവേയിലാണ് സ്ത്രീകളുടെ നിലപാട് കണ്ടെത്തിയത്. 2021 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ ഡൽഹിയിലെ ബക്കർവാല, ഗോകുൽപുരി, സൗദ ഗെവ്ര എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്.

36 വയസിനു മുകളിലുള്ളവരാണ് സർവേയിൽ പങ്കെടുത്തത്. അവരിൽ ഭൂരിഭാഗവും നിരക്ഷരരോ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരോ ആണ്. ഭൂരിഭാഗം പേരും വിവാഹിതരാണ്. വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 85 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടു.

വായുവിന്റെ ഗുണനിലവാരം മോശമാകുമ്പോൾ 75 ശതമാനം പേരും അസുഖമോ അസ്വസ്ഥതയോ അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു. സർവേ നടത്തിയവരിൽ നാലിൽ മൂന്ന് ഭാഗവും നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യുന്നത് അവരുടെ ആരോഗ്യത്തിനു ഹാനികരമാണെന്ന് വിശ്വസിക്കുന്നു. 76 ശതമാനം സ്ത്രീകളും വായു മലിനീകരണത്തിന്റെ പ്രശ്നത്തെക്കുറിച്ച് ബോധവതികളാണ്.

By newsten