കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പാർട്ടി 2014 ൽ കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടത് മുതൽ സംഘടനാപരമായ തകർച്ചയിലാണ്. സമീപകാലത്തായി സംഘടനാ ദൗർബല്യങ്ങളും പരിചയസമ്പന്നരായ നേതാക്കളുടെ കൊഴിഞ്ഞുപോക്കുമാണ് കോൺഗ്രസ് നേരിടുന്നത്. കഴിഞ്ഞയാഴ്ച ഹാർദിക് പട്ടേൽ പാർട്ടി വിട്ടതിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും പാർട്ടി വിട്ടിരുന്നു.
2014 ൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം നേതൃതലത്തിൽ പ്രവർത്തിച്ച 65 നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഈ കാലയളവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ടു. 2014, 2019 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 44 ഉം 52 ഉം സീറ്റുകൾ കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്സഭയിലെ കുറഞ്ഞത് 10 ശതമാനം സീറ്റുകളുടെ യോഗ്യതാ മാനദണ്ഡം തെറ്റിയതിനാൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ പോലും പാർട്ടിക്ക് കഴിഞ്ഞില്ല.