അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന്റെ 90-ാം വാർഷികമാണ് ഇന്ന്. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ വെച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടായിരുന്നു. ഒരു ടെസ്റ്റ് മാത്രമാണ് ആ പര്യടനത്തിൽ ഉൾപ്പെടുത്തിയത്. ഇതിന് പുറമെ 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ഇന്ത്യ അന്ന് കളിച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാനുള്ള ചുമതല സി.കെ. നായിഡുവിനായിരുന്നു. ബോഡിലൈൻ പരമ്പരയിലൂടെ വിവാദങ്ങളുടെ കൊടുമുടിയിലെത്തിയ ഡഗ്ലസ് ജാർഡൈൻ ആണ് ഇംഗ്ലണ്ടിനെ നയിച്ചത്.
ടോസ് നേടിയ ജാർഡൈൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് നിസാറാണ് ഇന്ത്യയുടെ ആദ്യ പന്ത് എറിഞ്ഞത്. രണ്ടാം ഓവറിൽ ഹെർബർട്ട് സറ്റ്ക്ലിഫിനെ നിസാർ പുറത്താക്കി. ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ്. ഇംഗ്ലണ്ടിനെ 259 റൺസിന് ഒതുക്കിയ ശേഷം ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 189 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ട് 275 റൺസിന് രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 187 റൺസിൽ അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 158 റൺസിന് വിജയിച്ചു.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ജാർഡൈൻ രണ്ടാമിന്നിങ്സിലും (79, 85) മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ നായിഡുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 259 റൺസിന് അവസാനിക്കാനുള്ള പ്രധാന കാരണം നിസാറിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് – 93 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നിസാർ വീഴ്ത്തി. ക്യാപ്റ്റൻ നായിഡുവിന്റെ ഏറ്റവും വലിയ പ്രശ്നം ഭാഷയായിരുന്നു. സംഘത്തിലെ 11 അംഗങ്ങൾ എട്ട് ഭാഷകളിലാണ് സംസാരിച്ചത്. ഇന്ത്യൻ ടീമിൽ ഒരു സഹോദര ജോഡിയും ഉണ്ടായിരുന്നു – എസ്. നസീർ അലിയും എസ്. വസീർ അലിയും.