അമേരിക്കയുടെ ശക്തരായ ആയുധ ലോബിക്കെതിരെ നിലകൊള്ളണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ടെക്സാസിലെ ഒരു സ്കൂളിൽ 18 വയസുകാരൻ 21 പേരെ വെടിവച്ച് കൊന്നതിന് പിന്നാലെയാണ് ജോ ബൈഡൻറെ പ്രതികരണം.’ദൈവത്തിന്റെ പേരില്‍, എന്നാണ് നമ്മള് എല്ലാവരും തോക്ക് ലോബിക്കെതിരെ നിലകൊള്ളുന്നത്’. വൈറ്റ് ഹൗസിലെ ഒരു ചടങ്ങിൽ ബൈഡൻ ചോദിച്ചു.
“യുഎസിലെ എല്ലാ പൗരൻമാരും എല്ലാ മാതാപിതാക്കൾക്കും വേണ്ടി പ്രവർത്തിക്കേണ്ട സമയമാണിത്,” ബൈഡൻ പറഞ്ഞു. “ഒരു മകനെയോ മകളെയോ നഷ്ടപ്പെടുന്നത് ആത്മാവിൻറെ ഒരു ഭാഗം കീറിമുറിക്കുന്നതിൻ തുൽയമാണ്. നിങ്ങളുടെ നെഞ്ചിലെ ഒരു വലിയ ദ്വാരത്തിലേക്ക് വീഴുന്നതായി തോന്നുന്നു. ഇത് ഒരിക്കലും മുമ്പത്തെപ്പോലെയാകില്ല,” ബൈഡൻ പറഞ്ഞു. തൻറെ ആദ്യ ഭാര്യയും മകളും 1972 ൽ കാറപകടത്തിൽ മരിച്ചുവെന്നും മകൻ 2015 ൽ കാൻസർ ബാധിച്ച് മരിച്ചുവെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾക്ക് അറുതിവരുത്തേണ്ട സമയമാണിതെന്നും നടപടിയെടുക്കാൻ ധൈര്യമുണ്ടെന്നും വൈസ് പ്രസിഡൻറ് കമല ഹാരിസ് പറഞ്ഞു.