ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് (ഡിഎംഎച്ച്) കടുക് വിത്തുകൾ ഉയർന്ന വിളവ് നൽകുമോ എന്ന കാര്യത്തിൽ പരീക്ഷണം നടന്നിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ള കടുക് ഗവേഷണ കേന്ദ്രം മേധാവി പി.കെ റായ് അറിയിച്ചു. ഐ.സി.എ.ആറിന്റെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് കടുക് ഗവേഷണ കേന്ദ്രത്തിൽലാണ് വിള പരിശോധന നടത്തേണ്ടത്. എന്നാൽ, അത്തരം പഠനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.എം.എച്ച്-11 കടുക് വിത്തുകൾക്ക് ഹെക്ടറിന് ഒരു ടൺ എന്ന നിരക്കിൽ വിളവ് മെച്ചപ്പെടുത്താൻ കഴിയുമെന്ന് പറയപ്പെടുന്നു. ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദീപക് പെന്‍റൽ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ വിളവ് മറ്റുള്ളവയെ അപേക്ഷിച്ച് 25 മുതൽ 30 ശതമാനം വരെ കൂടുതലാണ്. ഇത് രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുകയും ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാൻ സഹായിക്കും. ഭക്ഷ്യ എണ്ണയുടെ മൊത്തം ആഭ്യന്തര ആവശ്യകതയുടെ 60 ശതമാനം വരെ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പ്രതിവർഷം 85 മുതൽ 90 ലക്ഷം ടൺ വരെ ഭക്ഷ്യ എണ്ണ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് വർദ്ധിപ്പിക്കാൻ ജി.എം. കടുക് വിത്തുകൾ സഹായിക്കുമെന്നും പെന്‍റലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും, ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങളിലാണ് കാർഷിക മേഖലയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വരുത്തിയ വിത്തുകൾ കാര്‍ഷികമേഖലയില്‍ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കർഷക സംഘടനകളും പരിസ്ഥിതി സംഘടനകളും വാദിച്ചതിനെ തുടർന്ന് 2016 മുതൽ ശുപാർശ പരിഗണിക്കാതെ മാറ്റുകയായിരുന്നു. ഇതിനാണ് കഴിഞ്ഞ മാസം കേന്ദ്രത്തിന്റെ വിദഗ്ധ സമിതിയായ ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റി അംഗീകാരം നല്‍കിയത്.