Spread the love

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 21ന് തീയേറ്ററുകളിലെത്തും. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സാണ് ‘മഹാവീര്യർ’ കേരളത്തിൽ വിതരണം ചെയ്യുന്നത്.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണിത്. ലാൽ, ലാലു അലക്സ്, സിദ്ദീഖ്, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീർ കരമന, പത്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ശൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവരും അഭിനയിക്കുന്നു.

എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്. പോളി ജൂനിയറിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെയും ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായികയായി എത്തുന്നത്. ഫാന്റസി, ടൈം ട്രാവൽ, നിയമനടപടികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

By newsten