ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുമായി രണ്ട് ദക്ഷിണേന്ത്യൻ നടിമാർ കൂടിക്കാഴ്ച നടത്തിയെന്ന് ഡൽഹി പോലീസ്. ശനിയാഴ്ചയാണ് നിക്കി തംബോലി, സോഫിയ സിംഗ് എന്നിവരെ തിഹാർ ജയിലിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു.
നടിമാർക്കും മോഡലുകൾക്കും സുകേഷ് ചന്ദ്രശേഖർ പണം നൽകിയിരുന്നതായി പൊലീസ് പറയുന്നു. സുകേഷ് ചന്ദ്രശേഖർ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നടക്കം 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നടി ജാക്വലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി, പിങ്കി ഇറാനി, സ്റ്റൈലിസ്റ്റ് ലിപാക്ഷി എല്ലാവാഡി എന്നിവരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെ നിരവധി പേർ കണ്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.
“ആഡംബര വാഹനങ്ങളിൽ വന്നവരിൽ പലരും ജനപ്രിയ താരനിരയിൽ പെട്ടവരായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടവരെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും തെളിവെടുപ്പ് പൂർണ്ണമായും വീഡിയോഗ്രാഫ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവം പുനരാവിഷ്കരിക്കുന്നതിലൂടെ, നടന്ന തട്ടിപ്പിനെക്കുറിച്ച് കൃത്യമായ ധാരണ ലഭിച്ചു. ഇത് പ്രോസിക്യൂഷനിൽ സഹായിക്കും. ജയിൽ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു. ചന്ദ്രശേഖറിനെ കാണാൻ പോകുന്നവർക്കായി സുരക്ഷാ പരിശോധനകൾ നടത്തിയില്ല. ജയിൽ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപയാണ് സുകേഷ് നൽകിയത്. കൈക്കൂലി വാങ്ങിയതിനാൽ സന്ദർശകരെ ആരും തടഞ്ഞില്ല. ചന്ദ്രശേഖറിന് ജയിലിനുള്ളിൽ ടെലിവിഷൻ, സോഫ തുടങ്ങിയ സൗകര്യങ്ങളുള്ള ഓഫീസ് ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ഓഫീസ് പോലെയാണ്, ജയിലല്ല,” – പോലീസ് പറഞ്ഞു.