അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പുതിയ നേതൃത്വം സെപ്റ്റംബർ അവസാനത്തോടെ ചുമതലയേൽക്കും. ഫെഡറേഷന്റെ നടത്തിപ്പിനായി നിലവിൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗമായ എസ് വൈ ഖുറൈഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രഫുൽ പട്ടേൽ വർഷങ്ങളോളം ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. എന്നാൽ അടുത്തിടെ സുപ്രീം കോടതി പട്ടേലിനെയും മറ്റ് കമ്മിറ്റികളെയും പിരിച്ചുവിട്ടു. ഇതേതുടർന്ന് ഖുറേഷി, ഭാസ്കർ ഗംഗാലി എന്നിവരെ അംഗങ്ങളായി മുൻ സുപ്രീം കോടതി ജഡ്ജി എ ആർ ദവെയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ഫെഡറേഷന്റെ ചുമതലകൾ നോക്കാൻ നിയോഗിച്ചു. ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് അവരുടെ ദൗത്യമാണ്. തിരഞ്ഞെടുപ്പ് നടത്താൻ ആറ് മുതൽ എട്ട് ആഴ്ച വരെ എടുക്കുമെന്ന് ഖുറേഷ് പറഞ്ഞു. ഇതോടെ സെപ്റ്റംബർ അവസാനത്തോടെ പുതിയ നേതൃത്വം അധികാരമേൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫുട്ബോളിന്റെ ഭരണത്തിൽ മൂന്നാം കക്ഷി ഉൾപ്പെട്ടിരിക്കുന്നതിനാൽ ഫിഫ ഇന്ത്യയ്ക്ക് വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നും ആശങ്കയുണ്ട്. ഇതിനു മുമ്പ് പല ദേശീയ ടീമുകളെയും ഫിഫ വിലക്കിയിരുന്നു. ഫെഡറേഷനിലെ വിവാദങ്ങൾ അന്വേഷിക്കാൻ ഫിഫ സംഘം അടുത്ത മാസം ഇന്ത്യയിലെത്തും. നിലവിലെ സാഹചര്യത്തിൽ ഫിഫ ടീമിന്റെ സന്ദർശനം നിർണായകമാണ്.