ബിർമിങ്ഹാം: ഇന്ത്യൻ ടീമിലെ ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെ തുടർന്നാണ് താരത്തിന്‍റെ പിൻമാറ്റം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റു. ഇതേതുടർന്ന് ഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നാണ് താരം പിൻമാറിയത്.
ഒറിഗോണിൽ നടന്ന ഫൈനലിനിടെയാണ് നീരജ് ചോപ്രയ്ക്ക് അടിവയറ്റിൽ പരിക്കേറ്റത്. അവസാന റൗണ്ടിലെ നീരജിന്‍റെ പ്രകടനത്തെ പരിക്ക് ബാധിച്ചു. പരിക്ക് വകവയ്ക്കാതെ ലോക മീറ്റിൽ വെള്ളി മെഡൽ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോർക്കിലേക്ക് പോയിരുന്നു. മടങ്ങിയെത്തിയ നീരജ് ബർമിംഗ്ഹാമിലെ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ മത്സരിക്കില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അധികൃതരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 88.13 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡൽ നേടിയത്.