നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് നടി ഭാവന. സംവിധായകൻ ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിൽ ഭാവന പ്രധാന വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ തെന്നിന്ത്യൻ നടിയുടെ വേഷമാണ് ഭാവന ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു.
ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗൗതം മേനോൻ ചിത്രത്തിൽ ഒരു ഐപിഎസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുന്നത്.
ഏലിയാ കോഹൻ എന്ന ജൂതന്റെ വേഷമാണ് ഷെയ്ൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഭദ്രന്റെ തിരിച്ചുവരവാണ് ‘ഇ.ഒ’. 2005 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ‘ഉടയോൻ’ ആണ് ഭദ്രൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.