പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയെ ബി.ആർ അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ, ആന്ധ്രാപ്രദേശിലെ അമലാപുരത്ത് പ്രതിഷേധം. ഗതാഗത മന്ത്രി പി. വിശ്വരൂപിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
പ്രതിഷേധക്കാർ പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിൻറെ ബസും അഗ്നിക്കിരയാക്കി. കല്ലേറിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. 20 ലധികം പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിൻ മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തനതി വനിത പറഞ്ഞു.
ഏപ്രിൽ നാലിനാണ് കൊനസീമ ജില്ല രൂപീകൃതമായത്. കഴിഞ്ഞയാഴ്ച, കൊനസീമ ജില്ലയെ ബി ആർ അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിർപ്പുകൾ ഉണ്ടെങ്കിൽ ജനങ്ങളിൽ നിന്ന് ഫീഡ്ബാക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അംബേദ്കർ ജയന്തിയോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ ജില്ലയുടെ പേർ മാറ്റിയത്.