അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിൽ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിന്റെ വെല്ലുവിളി മറികടന്ന്സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസിന്റെ സെമി ഫൈനലിൽ കടന്നു. സ്കോർ :3-6,7-5,3-6,7-5,7-6. 2008ൽ വിംബിൾഡൺ പുരുഷസിംഗിൾസ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പോരാട്ടത്തിനൊടുവിൽ (നാല് മണിക്കൂർ 48 മിനിട്ട്) റോജർ ഫെഡററെ കീഴടക്കി നദാൽ കന്നി വിംബിഡൺ കിരീടത്തിൽ മുത്തമിട്ടതിന്റെ പതിന്നാലാം വാർഷിക ദിനമായിരുന്നു ഇന്നലെ. സെമിയിൽ ആസ്ട്രേലിയൻ താരം നിക്ക് കിർഗോയിസാണ് നദാലിന്റെ എതിരാളി. മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും കാമറൂൺ നോറിയും തമ്മിൽ ഏറ്റുമുട്ടും.വനിതാ സിംഗിൾസിൽ ഇന്നു നടക്കുന്ന സെമിയിൽ മുൻ ചാമ്പ്യൻ സിമോണ ഹാലെപ്പും എലേന റൈബാക്കിനയും തമ്മിലും ജാബിയൂറും മരിയയും തമ്മിലും ഏറ്റുമുട്ടും.