Spread the love

ടെലിവിഷൻ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെയും പത്‌നിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു. മുസ്ലീം സംഘടനയായ റസാ അക്കാദമിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തത്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ടൈംസ് നൗ ചാനലിൽ ചർച്ച. ഇതിനിടയിൽ നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുകയും അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി ചാനൽ അധികൃതർ രംഗത്തെത്തി.

നൂപുർ ശർമ്മയുടെ പ്രതികരണം ചാനലിൻറേതല്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്നവർ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു. മതവികാരം വ്രണപ്പെടുത്തുക, ഇരുവിഭാഗങ്ങൾക്കുമിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം തകർക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് റാസ അക്കാദമിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

ചാനൽ ചർച്ചയ്ക്ക് നൂപുർ ശർമ നൽകിയ മറുപടി അടങ്ങിയ വീഡിയോ ആൾട്ട് ൻയൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിൻ പിന്നാലെയാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്ന് നൂപുർ ശർമ്മ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഡൽഹി പൊലീസിനെ അറിയിച്ചതായി അവർ ട്വീറ്റ് ചെയ്തു. തനിക്കെതിരെയുള്ള ഭീഷണിക്ക് സുബൈറിനെയും അവർ കുറ്റപ്പെടുത്തി. ചാനൽ ചർച്ചയുടെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് സുബൈർ പോസ്റ്റ് ചെയ്തതായി നൂപുർ ശർമ പറഞ്ഞു.

By newsten