ദോഹ: ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയ്ക്കും മെക്സിക്കോയ്ക്കും ഖത്തർ ലോകകപ്പിൽ മികച്ച തുടക്കമില്ല ലഭിച്ചത്. സൗദി അറേബ്യ (2-1) അർജന്റീനയെ തോൽപ്പിച്ചപ്പോൾ മെക്സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നവംബർ 27 ഞായറാഴ്ച അർജന്റീനയും മെക്സിക്കോയും നേർക്കുനേർ വരികയാണ്. എന്നാൽ ഇരുടീമുകളുടെയും ആരാധകർ അതിനു മുമ്പ് കളിക്കളത്തിന് പുറത്ത് ഏറ്റുമുട്ടി.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഫ രൂപകൽപ്പന ചെയ്ത ദോഹയിലെ അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ സോണിലാണ് അർജന്റീന മെക്സിക്കോ ആരാധകർ ഏറ്റുമുട്ടിയത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യയോടുള്ള തോൽവിക്ക് ശേഷം മെക്സിക്കൻ ആരാധകർ ലയണൽ മെസിയെ മോശം പറഞ്ഞത് അർജന്റീന ആരാധകരെ രോഷാകുലരാക്കുകയായിരുന്നു. ഇരു ഭാഗത്തെയും ആരാധകര്‍ക്ക് അടിയും ചവിട്ടുമേറ്റു.