തിരുവനന്തപുരം: സ്കൂളുകളിലുണ്ടായ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ, വിവിധ വകുപ്പുകൾ സംയുക്തമായി സ്കൂളുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും പരിശോധന.
ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികൾക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ സർക്കാർ ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി മേൽപ്പറഞ്ഞ വകുപ്പുകൾ പ്രത്യേക പരിശോധന നടത്തും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണം നൽകും. പാചകക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ശുചിത്വ പരിശീലനം നൽകും.
ജില്ലകളിലെ നൂണ്ഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ഓഫീസർമാരും നാളെ മുതൽ സ്കൂളുകളിലെത്തി ഉച്ചഭക്ഷണ അടുക്കള, പാത്രങ്ങൾ, വാട്ടർ ടാങ്ക്, ശൗചാലയങ്ങൾ, ഉച്ചഭക്ഷണ വസ്തുക്കൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കകം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടർ അതോറിറ്റിയുടെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ കുടിവെള്ള പരിശോധന നടത്തും.