ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ മേഖലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അദ്ദേഹം തന്നെ നായകനായി എത്തിയപ്പോൾ ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് അതൊരു വലിയ മുതൽക്കൂട്ടായി മാറി. ചിത്രത്തിന്‍റെ യഥാർത്ഥ കന്നഡ പതിപ്പ് സെപ്റ്റംബർ 30നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. തുടർച്ചയായ പരാജയങ്ങൾ അഭിമുഖീകരിക്കുന്ന ബോളിവുഡിൽ ചെറുതല്ലാത്ത ഒരു തരംഗമാണ് കാന്താര നൽകിയിരിക്കുന്നത്. ആർഭാടങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ റിലീസ് ചെയ്ത കാന്താര ബോക്സ് ഓഫീസിൽ ഓരോ ദിവസവും തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. ഇപ്പോൾ, കാന്താരയുടെ ഹിന്ദി പതിപ്പ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
നാലാമത്തെ ആഴ്ചയിലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. വെള്ളിയാഴ്ച 2.10 കോടി രൂപയും ശനിയാഴ്ച 4.15 കോടി രൂപയും ഞായറാഴ്ച 4.50 കോടി രൂപയും തിങ്കളാഴ്ച 2 കോടി രൂപയും ചൊവ്വാഴ്ച 2.60 കോടി രൂപയുമാണ് കഴിഞ്ഞ ആഴ്ചയിലെ കളക്ഷൻ. മൊത്തം ഹിന്ദി ബോക്സ് ഓഫീസിൽ ചിത്രം 67 കോടി രൂപ കടന്നതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. ചിത്രം ഈ നിലയിൽ പ്രകടനം നടത്തിയാൽ, ഉടൻ തന്നെ ബോളിവുഡിലെ 100 കോടി ക്ലബിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കാന്താരയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. നവംബർ നാലിന് കാന്താര ഒ.ടി.ടിയിൽ സംപ്രേക്ഷണം ചെയ്യുമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും ഉടൻ തന്നെ ഒടിടി റിലീസ് കാണുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.