Spread the love

യഷ് നായകനായി അഭിനയിച്ച പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെജിഎഫ്’ എന്ന പീരിയഡ് ആക്ഷൻ ചിത്രം കർണാടകയ്ക്ക് പുറത്ത് കന്നഡ സിനിമയിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നായിരുന്നു. അതുവരെ ഒരു കന്നഡ സിനിമയും കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകർ ഒന്നിലധികം തവണ ഈ ചിത്രം തിയേറ്ററുകളിൽ കണ്ടിട്ടുണ്ട്. കെജിഎഫ് 2ഉം ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു.

നിലവിൽ തിയേറ്ററുകളിൽ മറ്റൊരു കന്നഡ ചിത്രവും കെജിഎഫിന്‍റെ പാത പിന്തുടരുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒപ്പം നായകനായി അഭിനയിച്ച കാന്താരയാണ് മികച്ച പ്രതികരണവുമായി മുന്നേറുന്നത്. കെ.ജി.എഫ് ഫ്രാഞ്ചൈസി പോലെ കേരളത്തിൽ വലിയ പ്രതികരണമാണ് കാന്താരയ്ക്ക് ലഭിക്കുന്നത്.

ഒക്ടോബർ 20ന് കേരളത്തിലെ 121 തിയറ്ററുകളിലാണ് ‘കാന്താര’യുടെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിൽ തന്നെ ഈ കന്നഡ ചിത്രം നിരവധി മലയാള ചിത്രങ്ങളെക്കാൾ കൂടുതൽ പ്രേക്ഷകരെ നേടി. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ കേരളത്തിൽ 208 സ്ക്രീനുകളിൽ കാന്താര പ്രദർശിപ്പിക്കുമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ കേരളത്തിലെ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 13 ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത് എന്നാണ് വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാർ പറയുന്നത്. ഇത് ശരിയാണെങ്കിൽ, കേരളത്തിൽ നിന്നുള്ള ഒരു കന്നഡ ചിത്രത്തിന്‍റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ആണിത്. 70 കോടി കളക്ഷൻ നേടിയ കെജിഎഫ് ചാപ്റ്റർ 2 ആണ് പട്ടികയിൽ ഒന്നാമത്.

By newsten