മൊഹാലി: കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പര 20 വർഷം നീണ്ട ജുലന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പരമ്പരയാകും. പരിക്കിനെതുടർന്ന് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്സിയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ദേശീയ ടീമിന്റെ വിശ്വസ്ത എന്നാണ് പുരുഷ ടീം കാപ്റ്റൻ രോഹിത് ശർമ്മ ജുലനെ വിശേഷിപ്പിച്ചത്. ജുലനൊപ്പം പരിശീലന നടത്തിയ അനുഭവവും രോഹിത് പങ്കുവച്ചു. പരിക്ക് ഭേദമാകുന്നതിനിടെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ വച്ചാണ് ഇരുവരും നേർക്കുനേർ എറ്റുമുട്ടിയത്. “ഞങ്ങൾ തമ്മിൽ വളരെ ചുരുക്കം തവണ മാത്രമേ നേരിൽ കണ്ടത്. പരിക്കുപറ്റി ഞാൻ എൻസിഎയിൽ ഉണ്ടായിരുന്നപ്പോൾ ജുലനും അവിടെയുണ്ടായിരുന്നു. എനിക്കു വേണ്ടി ബോൾ ചെയ്യുകയും ചെയ്തു. ഇൻസ്വിങ്ങുകൾ ഉപയോഗിച്ച് എനിക്ക് നല്ല വെല്ലുവിളിയാണ് ജുലൻ തന്നത്” രോഹിത് പറഞ്ഞു. “ഇന്ത്യയുടെ വിശ്വസ്തരിൽ ഒരാളാണ് അവർ. എപ്പോഴെല്ലാം ജുലൻ കളിക്കുന്നത് കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യത്തോട് അവർ വളരെയധികം അഭിനിവേശം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വനിതാ ക്രിക്കറ്റായാലും പുരുഷ ക്രിക്കറ്റായാലും രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കൊച്ചുകുട്ടികൾക്കും ഒരു നല്ല പാഠമാണ്. അവർക്ക് എത്ര പ്രായമുണ്ടെന്ന് എനിക്കറിയില്ല, പക്ഷെ ഈ പ്രായത്തിലും ഇത്ര കഠിനമായി ഓടി എതിരാളിയെ പ്രഹരിക്കാൻ തോക്കുന്നത് അവരുടെ പാഷൻ ആണ് കാണിച്ചുതരുന്നത്” രോഹിത് പറഞ്ഞു.