പരിക്കിനെ തുടർന്ന് തളർന്നുപോയ ഫുട്ബോൾ കരിയറിന് വിരാമമിട്ട് മുൻ ഇംഗ്ലണ്ട്, ആഴ്സണൽ താരം ജാക്ക് വിൽഷെയർ (30) ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഞാൻ എന്‍റെ സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് പറഞ്ഞാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഫുട്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച കുട്ടിയെന്ന നിലയിൽ നിന്ന് തന്‍റെ പ്രിയപ്പെട്ട ആഴ്സണലിന്‍റെ ക്യാപ്റ്റനാകാനും ലോകകപ്പിൽ ഇംഗ്ലണ്ടിനായി കളിക്കാനും വരെയുള്ള തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. 2011 ലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ ഇതിഹാസ ടീമിനെതിരെ 19 കാരനായ വിൽഷയർ നടത്തിയ പ്രകടനം അവിശ്വസനീയമായിരുന്നു. എന്നാൽ പിന്നീട് പരിക്ക് ഇംഗ്ലീഷുകാരന്‍റെ സ്ഥിരം കൂട്ടാളിയായി മാറി. ആഴ്സണലിനൊപ്പം എഫ്.എ കപ്പ് വിജയങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. തുടർന്ന് ആഴ്സണൽ വിട്ട് മറ്റ് ക്ലബുകളിലേക്ക് മാറിയെങ്കിലും പഴയ നിലയിലേക്ക് ഉയരാനായില്ല. വിരമിക്കലിന് ശേഷം ആഴ്സണലിന്‍റെ അണ്ടർ 18 ടീമിന്‍റെ പരിശീലകനായി ജാക്ക് വിൽഷെയർ ഉടൻ ചുമതലയേൽക്കും. വിൽഷെയറിന്‍റെ അസിസ്റ്റന്‍റായി ആദം ബിർച്ചൽ, ജൂലിയൻ ഗ്രേ എന്നിവരും ടീമിനൊപ്പം ചേരും. അതേസമയം, ആഴ്സണൽ അണ്ടർ 23 പരിശീലകനായി മെഹ്മത് അലിയും അസിസ്റ്റന്‍റ് മാക്സ് പോർട്ടറും ആയിരിക്കും. അൽപ്പകാലം എങ്കിലും ആഴ്‌സൻ വെങറുടെ ഫുട്‌ബോളിൽ ജാക് വിൽഷെയർ എന്ന സൂപ്പർ ജാക്കി ബോയിയുടെ പ്രകടനം ആഴ്‌സണൽ ആരാധകർ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നു തന്നെ ആവും.