ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഈ ജയത്തോടെ ഗുജറാത്ത് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. 38 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും സഹിതം പുറത്താകാതെ 68 റൺസ് നേടിയ ഡേവിഡ് മില്ലർ ഗുജറാത്തിനായി തിളങ്ങിയപ്പോൾ ശുഭ്മാൻ ഗിൽ (35), മാത്യു വെയ്ഡ് (35), ഹാർദിക് പാണ്ഡ്യ (40 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
രണ്ടാം പന്തിൽ വൃദ്ധിമാൻ സാഹയെ (0) ഗുജറാത്തിൻ നഷ്ടമായി. പവർപ്ലേയിൽ ഗുജറാത്തിൻ മികച്ച തുടക്കം നൽകിയ സാഹയെ ട്രെൻറ് ബോൾട്ടിൻറെ പന്തിൽ സഞ്ജു ക്യാച്ച് ചെയ്യുകയായിരുന്നു. മൂന്നാം നമ്പറിൽ ഇറങ്ങിയ മാത്യു വെയ്ഡ് ആക്രമണ മാനസികാവസ്ഥയിലായിരുന്നു. ഗില്ലും താളം കണ്ടെത്തിയതോടെ ഗുജറാത്ത് ട്രാക്കിലെത്തി. രണ്ടാം വിക്കറ്റിൽ 72 റൺസിൻറെ കൂട്ടുകെട്ട് എട്ടാം ഓവറിൽ തകർന്നു. ശുഭ്മാൻ ഗിൽ 21 പന്തിൽ അഞ്ചു ബൗണ്ടറികളുടെയും ഒരു സിക്സറിൻറെയും അകമ്പടിയോടെ 35 റണ്സെടുത്തു. അധികം താമസിയാതെ വെയ്ഡ് തിരിച്ചെത്തി. 30 പന്തിൽ ആറു ബൗണ്ടറികളുടെ അകമ്പടിയോടെ 35 റണ്സെടുത്ത വെയ്ഡ് ഒബെഡ് മക്കോയിയുടെ പന്തിൽ ജോസ് ബട്ലറുടെ പന്തിൽ പുറത്തായി.
നാലാം നമ്പറിലെത്തിയ ഹാർദിക് പാണ്ഡ്യ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ഡേവിഡ് മില്ലറാണ് പാണ്ഡ്യയ്ക്ക് മികച്ച പിന്തുണ നൽകിയത്. സഞ്ജു ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് തകർക്കാനായില്ല. 35 പന്തിൽ നിന്നാണ് മില്ലർ ഫിഫ്റ്റി പൂർത്തിയാക്കിയത്. നാലാം വിക്കറ്റിൽ പുറത്താകാതെ 106 റണ്സിൻറെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. പ്രസീദ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 16 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് വെറും 3 പന്തിൽ ലക്ഷ്യം മറികടന്നു. തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിയാണ് മില്ലർ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.