മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും, ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണും, ജൂൺ 12 ന് നടക്കുന്ന ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഗാ ലേലത്തിൽ ഐപിഎല്ലിന്റെ പ്രക്ഷേപണാവകാശം സ്വന്തമാക്കാൻ കൊമ്പുകോർക്കും. ഏകദേശം 7.7 ബില്യണ്‍ ഡോളർ (ഏകദേശം 59,000 കോടി രൂപ) ലേലത്തിനായി ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലേലത്തിലെ വിജയികൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് ഐപിഎല്ലിന്റെ മുഴുവൻ വിതരണാവകാശവും (ചാനൽ, ഓൺലൈൻ) ലഭിക്കും. റിലയൻസ്, ആമസോൺ എന്നിവയ്ക്ക് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.
നിലവിൽ ഹോട്ട്സ്റ്റാറിലാണ് ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നത്. 2017 ൽ 163 ബില്യൺ രൂപ മുടക്കിയാണ് ഹോട്ട്സ്റ്റാർ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇത്തവണ അതിന്റെ മൂന്നിരട്ടി തുക നിക്ഷേപിക്കാൻ കമ്പനികൾ മുന്നോട്ട് വരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.