പോസ്റ്റോഫീസിൽ സ്ഥിരനിക്ഷേപമായി നൽകിയ ഒരു കോടിയോളം രൂപ വാതുവെപ്പിനായി മോഷ്ടിച്ച പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബീന സബ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ വിശാൽ അഹിർവാറാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു കോടിയോളം രൂപയാണ് ഐപിഎല്ലിനായി ചെലവഴിച്ചത്. വാതുവെപ്പിനായി ചെലവഴിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
പോസ്റ്റ് ഓഫീസിൽ സ്ഥിരനിക്ഷേപം (എഫ്ഡി) അക്കൗണ്ട് തുറക്കാനെത്തിയ 24 കുടുംബങ്ങളുടെ പണമാണ് പോസ്റ്റ് മാസ്റ്റർ മോഷ്ടിച്ചത്. എഫ്ഡി അവരുടെ പണം സ്വീകരിച്ച് അക്കൗണ്ട് തുറന്നില്ല. വ്യാജ അക്കൗണ്ട് സർട്ടിഫിക്കറ്റും പാസ്ബുക്കും നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഈ പണമെല്ലാം പ്രതികൾ വാതുവെപ്പിനായി ഉപയോഗിക്കുകയായിരുന്നു.
അടുത്തിടെ ഭർത്താവ് മരിച്ച വർഷയ്ക്ക് പോസ്റ്റ് മാസ്റ്റർ നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 9 ലക്ഷം രൂപയാണ്. ഭർത്താവിൻറെ പേരിലുള്ള 9 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്വലിക്കാൻ എത്തിയപ്പോഴാണ് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വ്യാജമാണെന്നും യഥാർത്ഥത്തിൽ അക്കൗണ്ട് തുറന്നിട്ടില്ലെന്നും മനസിലായത്. വർഷയുടെ ഭർത്താവും ഭർതൃപിതാവും അടുത്തിടെ കോവിഡ് -19 ബാധിച്ച് മരിച്ചിരുന്നു.