ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പ്ലേ ഓഫിന് അരികെയാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്. ഏഴ് ജയവുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. പ്ലേ ഓഫിന് അകലെയെങ്കിലും പ്രതീക്ഷ നിലനിർത്താനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. പത്തിൽ ആറിലും തോറ്റ കൊൽക്കത്തയ്ക്ക് ഇനിയെല്ലാം ജീവൻമരണപ്പോരാട്ടമാണ്. ക്വിന്‍റൺ ഡികോക്ക്, ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരിലാണ് ലഖ്‌നൗവിന്‍റെ റൺസ് പ്രതീക്ഷ. ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകം. തുടർച്ചയായ അഞ്ച് തോൽവികൾക്കൊടുവിൽ രാജസ്ഥാനെ തോൽപിച്ച ആശ്വാസത്തിലാണ് കൊൽക്കത്തയും നായകൻ ശ്രേയസ് അയ്യരും. ബാറ്റർമാരും ബൗളർമാരും ഒരുപോലെ നിറംമങ്ങിയതാണ് സീസണിൽ വിനയായത്. താരലേലത്തിന് മുൻപ് നിലനിർത്തിയ വെങ്കടേഷ് അയ്യരും വരുൺ ചക്രവർത്തിയും ഇലവന് പുറത്തായിക്കഴിഞ്ഞു. ഡികോക്കിനെയും രാഹുലിനെയും തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ നൈറ്റ് റൈഡേഴ്സ് വിയർക്കും. പുനെയിൽ പിന്നിട്ട പത്ത് കളിയിലും ടോസ് കിട്ടിയവർ തിരഞ്ഞെടുത്തത് ബൗളിംഗായിരുന്നെങ്കില്‍ ഏഴിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.