2024 അവസാനത്തോടെ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ പൂർണ്ണമായും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകളിലേക്ക് മാറ്റണമെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024 ഡിസംബർ 28 ഇതിനുള്ള സമയപരിധിയായി യൂറോപ്യൻ യൂണിയൻ (ഇയു) പ്രഖ്യാപിച്ചു. മിക്ക ആൻഡ്രോയിഡ് ഫോണുകളും നിലവിൽ ടൈപ്പ് സി ചാർജിംഗ് പോർട്ട് ഉപയോഗിക്കുന്നതിനാൽ യൂറോപ്യൻ യൂണിയന്‍റെ നീക്കം ഐഫോണിനെയാണ് ബാധിക്കുക.
യൂറോപ്യൻ യൂണിയൻ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, 2023 ൽ ലോഞ്ച് ചെയ്യുന്ന ഐഫോൺ നിലവിൽ ഉപയോഗിക്കുന്ന ലൈറ്റ്നിംഗ് ചാർജിംഗ് പോർട്ടിന് പകരം ടൈപ്പ് സി ചാർജിംഗ് പോർട്ട് ഉപയോഗിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കുന്നതിനുമാണ് ടൈപ്പ് സി ചാർജിംഗ് പോർട്ടുകളിലേക്ക് മാറാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്. ഇതോടെ, ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ ഉപയോഗിക്കാൻ സാധിക്കും.