ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീതിയിൽ ഡോളർ ഒഴികെയുള്ള കറൻസികളുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 81.88 എന്ന നിലയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യോഗം ചേരാനിരിക്കെ, അതുവരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരാനാണ് സാധ്യത. യു.എ.ഇ ദിർഹത്തിനെതിരെയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 29 പൈസയാണ് വിനിമയ മൂല്യം.
രൂപയുടെ മൂല്യത്തകർച്ച മുതലെടുത്ത് നാട്ടിലേക്ക് പണം അയയ്ക്കുന്നവർ കുറവല്ല. ചൊവ്വാഴ്ച 22 രൂപ 09 പൈസയായിരുന്ന വിനിമയ നിരക്ക് ബുധനാഴ്ച രാവിലെ 22.29 പൈസയിലാണ് എത്തി നിൽക്കുന്നത്.
രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കുന്നതിനായി റിസർവ് ബാങ്ക് നിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ 30 നുള്ള പണവായ്പ നയത്തില്‍ 0.50 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ, രൂപയുടെ മൂല്യം വീണ്ടെടുക്കാം. എന്നാൽ ആഗോള വിപണിയിലെ ചാഞ്ചാട്ടം ഇന്ത്യൻ രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചേക്കും എന്നതാണ് യാഥാർത്ഥ്യം.