തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും റീജിയണൽ ബിസിനസ് മേധാവിയുമായ എ. ഹരികൃഷ്ണൻ ആദ്യ ടിക്കറ്റ് സുരേഷ് ഗോപിയിൽ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്.
അപ്പർ ടയർ ടിക്കറ്റിന് 1,500 രൂപയാണ് വില. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകും. 750 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് ഇളവ് ലഭിക്കുന്നതിന് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമായ കൺസഷൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. പവലിയന് 2,750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണം ഉൾപ്പെടെ 6,000 രൂപയുമാണ് നിരക്ക്.
തിങ്കളാഴ്ച രാത്രി 7.30 നാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. www.paytminsider.in വഴിയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്. ഒരു വ്യക്തിക്ക് ഒരു മെയിൽ ഐഡിയിൽ നിന്ന് 3 ടിക്കറ്റുകൾ വാങ്ങാം. ഓൺലൈനിൽ ടിക്കറ്റ് വാങ്ങാൻ കെസിഎ അക്ഷയ കേന്ദ്രങ്ങളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് വാങ്ങാം.