ധാക്ക: 2019 ലെ വനിതാ ഏഷ്യാ കപ്പിൽ ശ്രീലങ്കയെ 41 റൺസിന് തോൽപിച്ച് ഇന്ത്യയ്ക്കു വിജയത്തുടക്കം. ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 109 റൺസിന് പുറത്തായി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജെമീമ റോഡ്രിഗസിന്‍റെ അർധസെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്.
53 പന്തിൽ 76 റൺസാണ് ജെമീമ നേടിയത്. ജെമീമ 11 ഫോറും ഒരു സിക്സും പറത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഇന്ത്യക്കായി തിളങ്ങി. ഹർമൻപ്രീത് 30 പന്തിൽ 33 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ ബാറ്റ്സ്മാൻമാർക്ക് വലിയ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല.
32 പന്തിൽ 30 റൺസെടുത്ത ഹസീനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഓപ്പണർ ഹർഷിത സമരവിക്രമ 20 പന്തിൽ നിന്ന് 26 റൺസ് നേടി. ശ്രീലങ്കയുടെ ഏഴ് ബാറ്റ്സ്മാൻമാർ ഇരട്ട അക്കം കടക്കാതെ പുറത്തായി. ഇന്ത്യക്കായി ദയാലൻ ഹേമലത മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രാകറും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതവും രാധാ യാദവ് ഒരു വിക്കറ്റും വീഴ്ത്തി.