വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിദ്ധ്യം. പനമരം-ബീനാച്ചി റോഡിലെ യാത്രക്കാരാണ് കടുവയെ നേരിട്ട് കണ്ടത്. രാത്രിയിൽ വളവവയലിലേക്ക് പോയ കാർ യാത്രക്കാരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ വനംവകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ കടുവയെ കണ്ടെത്തിയ പനമരം-ബീനാച്ചി റോഡിലും ക്യാമറ സ്ഥാപിക്കും.
ഇതിൻ മുന്നോടിയായി വനംവകുപ്പ് സംഘം പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും സുൽത്താൻ ബത്തേരിയുടെ വിവിധ പ്രദേശങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. അതേസമയം, കടുവയെ കുടുക്കാൻ ക്യാമറ മാത്രമല്ല കൂട്ടും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനവാസ മേഖലയിൽ കടുവയുടെ വരവ് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.