Spread the love

ദില്ലി: രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും. ലേലം തുടങ്ങാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകിയതോടെ രാജ്യം വലിയ പ്രതീക്ഷയിലാണ്. 72,000 മെഗാഹെർട്സ് അല്ലെങ്കിൽ 72 ഗിഗാഹെട്‌സിലേറെ എയർവേവ്സ് ലേലം ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 5G എന്നത് 4G-യേക്കാൾ 10 മടങ്ങ് വേഗതയുള്ളതാണ്. ലേലം പിടിക്കുന്നവര്‍ക്ക് ലഭിക്കുന്ന കാലാവധി 20 വർഷമായിരിക്കും. മൊത്തം സ്പെക്ട്രത്തിന്റെ മൂല്യം 5 ലക്ഷം കോടി രൂപയിലധികം വരുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്.

600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1,800 മെഗാഹെർട്സ്, 2,100 മെഗാഹെർട്സ്, 2,300 മെഗാഹെർട്സ്, 26 ഗിഗാഹെട്‌സ് ബാൻഡ് ഫ്രീക്വന്‍സികളില്‍ ആയിരിക്കും ലേലം നടക്കുക. ഇ-ലേലം ആകും നടക്കുക.

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവർ ലേലത്തിൽ പങ്കെടുക്കും. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കണമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.  വില 90 ശതമാനം കുറയ്ക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. എന്നാൽ കേന്ദ്രം ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. എന്നാൽ ലേലത്തിൽ കമ്പനികൾക്ക് ആശ്വാസം നൽകുന്ന ചില നടപടികളുണ്ട്. സ്പെക്ട്രത്തിനുള്ള മുൻകൂർ പണം ഒരുമിച്ച് നൽകേണ്ട. പകരം 20 തവണയായി അടയ്ക്കാം. ആവശ്യമെങ്കിൽ സ്പെക്ട്രം 10 വർഷത്തിന് ശേഷം തിരികെ നൽകാം.

By newsten