ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയെ കുറിച്ച് വ്യക്തമായ സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ ഋഷഭ് പന്ത്. പരിക്കിനെ തുടർന്ന് കെ എൽ രാഹുൽ പുറത്തായതോടെ ഇഷാൻ കിഷനൊപ്പം ഋതുരാജ് ഗെയ്ക്വാദ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന സൂചനയാണ് പന്ത് നൽകുന്നത്.
“ബാറ്റിംഗ് ഓർഡറിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. കാരണം കെ.എൽ.രാഹുലിനെയാണ് നേരത്തെ ഓപ്പണറായി തിരഞ്ഞെടുത്തിരുന്നത്. എന്തായാലും ഒരു മാറ്റം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ഞങ്ങൾക്ക് അധികം ഓപ്പണർമാരില്ല. അപ്പോൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയും, കുറച്ച് സമയത്തിന് ശേഷം പ്ലേയിംഗ് ഇലവനെ കുറിച്ച് ചർച്ച ചെയ്യാം” പന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ.എൽ.രാഹുൽ പരിക്കേറ്റ് പുറത്തായിരുന്നു. രാഹുലിന് പകരക്കാരനെ സെലക്ടർമാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യർ എന്നിവരാണ് ടീമിലെ മൂന്ന് ഓപ്പണർമാർ.