റിയാദ്: ഒക്ടോബർ മുതൽ സോഷ്യൽ മീഡിയയിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് സൗദി അറേബ്യ ലൈസൻസ് നിർബന്ധമാക്കി. മൂന്ന് വർഷത്തേക്ക് 15,000 റിയാൽ ആണ് ലൈസൻസ് ഫീസ്. ലൈസൻസ് ഇല്ലാതെ പരസ്യം നൽകിയാൽ വലിയ പിഴ നൽകേണ്ടി വരും. സ്വദേശി പൗരൻമാർ ഒക്ടോബർ ഒന്നിന് മുമ്പ് പ്രത്യേക ലൈസൻസ് നേടണം. വിദേശികൾക്ക് പരസ്യം നൽകാൻ അനുവാദമില്ല.
പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യത്തിന്‍റെ ഉള്ളടക്കം, പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നവരുടെ പ്രായം എന്നിവയുടെ കാര്യത്തിൽ കമ്മിഷന്‍റെ നിബന്ധനകൾ പാലിക്കണം. പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഓൺലൈനായി കമ്മിഷന് സമർപ്പിക്കണം. പരസ്യത്തിന് മുമ്പ് ഇത് പരസ്യ ഉള്ളടക്കമാണെന്ന് രേഖാമൂലമോ അല്ലാതെയോ സ്വീകർത്താക്കളെ അറിയിക്കണമെന്ന് സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ അറിയിച്ചു.