Spread the love

ലഡാക്കിൽ റോഡപകടത്തിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചു. അങ്ങാടി മുഹയദീന്‍ ജമാഅത്ത് പള്ളിയിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ ഷൈജൽ ഉൾപ്പെടെ ഏഴ് സൈനികർക്കാണ് ജീവൻ നഷ്ടമായത്.

രാവിലെ 10.10 ഓടെയാണ് ഷൈജലിന്റെ മൃതദേഹവുമായി ഡൽഹിയിൽ നിന്നുള്ള സൈനികരുടെ സംഘം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ മൃതദേഹം ഏറ്റുവാങ്ങി. സർക്കാർ പ്രതിനിധികൾ, ജനപ്രതിനിധികൾ, ജവാൻമാർ, വിമാനത്താവള ഡയറക്ടർമാർ എന്നിവർ വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിച്ചു.

പിന്നീട് മൃതദേഹം ഷൈജൽ പഠിച്ച തിരൂരങ്ങാടി യത്തീം ഖാനയിലും പിന്നീട് സൂപ്പിക്കുട്ടി നാഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിൻ വെച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മന്ത്രി വി അബ്ദുറഹ്മാൻ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ വീട് സന്ദർശിച്ച് സംസ്ഥാന സർക്കാരിൻ ആദരാഞ്ജലികൾ അർപ്പിച്ചു. പിന്നീട്, ടെറിട്ടോറിയൽ ആർമിയിലെ മദ്രാസ് റെജിമെൻറും ഷൈജാലിൻ അന്ത്യാഞ്ജലി അർപ്പിച്ചു.

By newsten