Spread the love

കൊല്ലം കടയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അമ്പതിലധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. രണ്ട് ബസുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

അപകടത്തെ തുടർന്ന് ബസിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തെൻമല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവര്‍ സഞ്ചരിച്ച ബസ് അപകട വളവിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി വേണാട് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാറശ്ശാലയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ്. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ഫയർഫോഴ്സ് പുറത്തെടുത്തു.

പരിക്കേറ്റവരിൽ 41 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 15 പേരാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അരിപ്പ സ്വദേശിനിയായ ലക്ഷ്മി (24)യ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവർ ഇപ്പോൾ ട്രാൻസിസ്റ്റോറിക് ഐസിയുവിലാണ്.

By newsten