മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇപ്പോൾ തെന്നിന്ത്യയിലെ മികച്ച നായികമാരിൽ ഒരാളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ ഒരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന വളരെയധികം ശ്രദ്ധ നേടുന്ന പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്.
ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോൾ ഭാവന ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. നടിക്ക് സൈബർ ആക്രമണവും നേരിടേണ്ടി വന്നു. ഇപ്പോൾ ഇത്തരം പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാവന.
എല്ലാ ദിവസവും എല്ലാം ശരിയാകും എന്ന് സ്വയം പറഞ്ഞ് ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് കരുതി എന്റെ സങ്കടങ്ങൾ മാറ്റിവയ്ക്കാൻ ശ്രമിക്കുമ്പോൾ, ഞാൻ എന്ത് ചെയ്താലും മോശം വാക്കുകൾ കൊണ്ട് എന്നെ വേദനിപ്പിക്കാനും എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാനും ശ്രമിക്കുന്ന ധാരാളം ആളുകളുണ്ട് എന്ന് എനിക്കറിയാം. അങ്ങനെയാണ് അവർ സന്തോഷം കണ്ടെത്തുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെയാണ് നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നതെങ്കിൽ, ഞാൻ അതിന് തടസ്സമായി നിൽക്കില്ല. ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.