ഐ ലീഗിനും ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ എസ് സിയെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ കൊൽക്കത്തയിൽ മാത്രമാണ് ഐ-ലീഗ് കളിച്ചത്. ഇത്തവണ പതിവ് ഹോം എവേ ഫോർമാറ്റിലാണ് ലീഗ് നടക്കുക. 12 ടീമുകളാണ് ഇത്തവണയും ഐ ലീഗിൽ പങ്കെടുക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ഗോകുലം കേരള രണ്ട് വേദികളിൽ ഹോം മത്സരങ്ങൾ കളിക്കും. ഗോകുലത്തിന്‍റെ ആറ് മത്സരങ്ങൾ പയ്യനാടും ബാക്കി അഞ്ച് മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലുമാണ് നടക്കുക. അടുത്തിടെ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളിൽ കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സ്റ്റേഡിയമാണ് മഞ്ചേരി സ്റ്റേഡിയം.
കേരളത്തിന്‍റെ പ്രതിനിധികളായ ഗോകുലം കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം ഉയർത്തിയിരുന്നു. എന്നിരുന്നാലും, ക്ലബ്ബിനെ കിരീട വിജയത്തിലേക്ക് നയിച്ച പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നെസെ ക്ലബ് വിട്ടു. കാമറൂണിൽ നിന്നുള്ള റിച്ചാർഡ് ടോവയാണ് ഇത്തവണ ഗോകുലത്തെ ഒരുക്കുന്നത്.