ഒറ്റത്തവണ ചാർജ് ചെയ്താൽ 610 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് സെഡാനുമായി ഹ്യുണ്ടേയ്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച വാഹനം ടെസ്ലയുടെ മോഡൽ 3 യുമായാണ് മത്സരിക്കുക. അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച അയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിലാണ് നിർമ്മിക്കുന്നത്.
ടെസ്ല മോഡൽ 3 യുടെ ദീർഘദൂര പതിപ്പിനേക്കാൾ (602 കിലോമീറ്റർ) കൂടുതൽ ശ്രേണി വാഗ്ദാനം ചെയ്യുന്ന വാഹനം ഉടൻ തന്നെ യുഎസ് വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് സെഡാനായ അയോണിക് 6ന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.1 സെക്കൻഡുകൾ മാത്രമേ എടുക്കൂ. 350 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 10 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ചാർജ് ചെയ്യാൻ 18 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് ഹ്യുണ്ടായിയുടെ പ്രഖ്യാപനം.
ഹ്യുണ്ടായിയുടെ അഭിപ്രായത്തിൽ, ഇലക്ട്രിക് കാറുകളുടെ ഏറ്റവും എയറോഡൈനാമിക് രൂപകൽപ്പന കാറിനുണ്ട്. ഡ്യുവൽ കളർ ആംബിയന്‍റ് ലൈറ്റിംഗ്, സ്പീഡ് സിങ്ക് ലൈറ്റിംഗ്, ഇവി പെർഫോമൻസ് ടൂണപ്പ്, ഇലക്ട്രിക് ആക്ടീവ് സൗണ്ട് ഡിസൈൻ (ഇ-എഎസ്ഡി) എന്നിവയും അയോണിക് 6-ൽ ഉൾപ്പെടുന്നു.