Spread the love

വേദാന്ത ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നു. സാമ്പത്തിക കാര്യങ്ങൾ ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതിന് അംഗീകാരം നൽകിയത്. കമ്പനിയിൽ സർക്കാരിന് 29.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇത് പൂർണ്ണമായും വിൽക്കാനാണ് നീക്കം. ഓഫർ ഫോർ സെയിൽ വഴി സർക്കാരിനു അതിന്റെ ഓഹരികൾ വിൽക്കാം.ഹിന്ദുസ്ഥാൻ സിങ്കിൽ വേദാന്തയ്ക്ക് 64.9 ശതമാനം ഓഹരിയുണ്ട്. സിങ്ക്, ഈയം, വെള്ളി, കാഡ്മിയം എന്നിവയുടെ ഖനനത്തിലും നിർമ്മാണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാൻ സിങ്ക്. നേരത്തെ പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന കമ്പനി പിന്നീട് വേദാന്തയ്ക്ക് കൈമാറി. അതേസമയം, ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ വിൽക്കാൻ മന്ത്രിസഭ അനുമതി നൽകിയതോടെ കമ്പനിയുടെ ഓഹരി വില 7 ശതമാനം ഉയർന്നു. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ സിങ്കിന്റെ ഓഹരി വില 315.90 രൂപയായിരുന്നു.

By newsten