കർണാടകയിൽ ഹിജാബ് വിവാദം വീണ്ടും കത്തിപ്പടരുന്നു. മംഗലാപുരം സർവകലാശാല യൂണിഫോം നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയതിനു പിന്നാലെ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കാതെ തിരിച്ചയച്ചു. മാർച്ച് 15ലെ കർണാടക ഹൈക്കോടതി ഉത്തരവ് പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് മംഗലാപുരം സർവകലാശാല വിസി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി.
വസ്ത്രധാരണം മുസ്ലിം പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്ന് വി.സി സുബ്രഹ്മണ്യ യദപ്പടിതയ്യ വാർത്താസമ്മേളനത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ തിരിച്ചയച്ചു. പ്രിൻസിപ്പൽ വിദ്യാർത്ഥികളുമായി സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. കോളേജ് പ്രിൻസിപ്പൽ അനുസൂയ റായ് പെൺകുട്ടികളോട് സംസാരിക്കുന്നതും ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രതികരിച്ചു.