നടി തമന്ന വിവാഹിതയാവുന്നു എന്നും ബിസിനസുകാരനാണ് വരനെന്നും കഴിഞ്ഞ ഏതാനും ദിനങ്ങളായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം ചർച്ചകളെയും വാർത്തകളെയുമെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമന്ന. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
ബിസിനസുകാരനായ എന്റെ ഭർത്താവ് എന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ ആണ് തമന്ന പോസ്റ്റ് ചെയ്തത്. പുരുഷ വേഷത്തിലുള്ള തമന്ന തന്നെയാണ് വീഡിയോയിലുള്ളത്. എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു എന്ന തരത്തിൽ ഹാഷ്ടാഗും അവർ ഒപ്പം ചേർത്തിട്ടുണ്ട്. വിവാഹ വാർത്തകളെയെല്ലാം പരിഹസിക്കുകയാണ് ഈ വീഡിയോയിലൂടെ തമന്ന.
മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാഹം നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. എന്നാൽ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ഒരു ദേശീയ മാധ്യമത്തോട് തമന്ന പ്രതികരിച്ചിരുന്നു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കിയിരുന്നു.