കൽക്കരി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് കൽക്കരി ഇറക്കുമതി ചെയ്യാൻ സർക്കാർ ഉടമസ്ഥതയിലുള്ള കോൽ ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് കോൽ ഇന്ത്യ. ഇന്നലെയാണ് കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പുറത്തുവന്നത്.
2015ന് ശേഷം ഇതാദ്യമായാണ് കോൽ ഇന്ത്യ വിദേശത്ത് നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. കൽക്കരി ക്ഷാമം രൂക്ഷമാവുകയും ഏപ്രിലിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം വന്നത്. കൽക്കരി ഇറക്കുമതി ചെയ്തില്ലെങ്കിൽ വൈദ്യുതി ക്ഷാമം തുടരുമെന്ന ആശങ്കയുമുണ്ട്. വൈദ്യുതി നിലയങ്ങളിലെ കൽക്കരി ശേഖരം ഏപ്രിലിൽ 13 ശതമാനം ഇടിഞ്ഞിരുന്നു, കൽക്കരി സംഭരിക്കാൻ കേന്ദ്രം നേരത്തെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ ടെൻഡറുകളെല്ലാം നിർത്തിവയ്ക്കാൻ ഊർജ്ജ മന്ത്രാലയം ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
“ഒന്നിലധികം കൽക്കരി ഇറക്കുമതി ടെൻഡറുകൾ വിളിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും കേന്ദ്രീകൃത സംഭരണം കോൽ ഇന്ത്യ വഴി നടത്തണമെന്നും ഭൂരിഭാഗം സംസ്ഥാനങ്ങളും അഭിപ്രായപ്പെടുന്നു,” ഊർജ്ജ മന്ത്രാലയത്തിൻറെ കത്തിൽ പറയുന്നു. വൈദ്യുതിയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത ക്ഷാമം രൂക്ഷമാക്കുന്നു. 38 വർ ഷത്തിനിടയിലെ ഏറ്റവും ഉയർ ന്ന വൈദ്യുതി ഉപഭോഗമായിരുന്നു ഈ വർ ഷം. കൽക്കരി ക്ഷാമം കാരണം 14 സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.