Spread the love

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 1 മുതൽ 9 വരെയാണ് ദേശീയ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 1000 മീറ്ററിൽ താഴെ ദൂരക്കാഴ്ച കുറയുന്ന പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് സാധ്യതയുള്ള പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 

അതേസമയം, റോഡുകളിലെ കാഴ്ചക്കുറവിനെ തുടർന്ന് അബുദാബി എമിറേറ്റിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിലെ ഇലക്ട്രോണിക് സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി ഡ്രൈവർമാർ പാലിക്കണം. ഹമീം റോഡിലെ പരമാവധി വേഗത (ഹമീം പാലം മുതൽ അസബ് വരെ) മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. അബുദാബിയിലും ദുബായിലും ഇന്ന് പ്രതീക്ഷിക്കുന്ന പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസാണ്. അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസും ദുബായിൽ 26 ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില.
 

By newsten