ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകരും സംഭവത്തിന് ഉത്തരവാദികളാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട്, ബജ്റംഗ്ദൾ റാലികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരാമർശം.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകിക്കൊണ്ട് കോടതി റാലികൾക്ക് അനുമതി നൽകിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റാലികളിൽ എന്തെങ്കിലും ആക്രോശിക്കാമെന്ന് കരുതുന്നുണ്ടോയെന്നും കോടതി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.