ഈ വർഷത്തെ ഹജ്ജിനായി വിദേശ തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങി. ആദ്യ ബാച്ച് ഇന്തോനേഷ്യയിൽ നിന്നാണ് എത്തിയത്. മക്ക റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ഈ വർഷം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് പ്രയോജനം ചെയ്യും. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ആഭ്യന്തര ഹജ്ജിനായി രജിസ്റ്റർ ചെയ്തത്.
ഇന്തോനേഷ്യയിൽ നിന്നുള്ള 358 തീർത്ഥാടകരുടെ ആദ്യ സംഘത്തെ സൗദി ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥർ മദീന വിമാനത്താവളത്തിൽ പൂക്കൾ, കരക, സംസം ജലം എന്നിവയുമായി സ്വീകരിച്ചു. അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കായി മക്ക റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ഈ വർഷം അവതരിപ്പിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ, മൊറോക്കോ, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ സൗകര്യം ലഭ്യമാണ്.
തീർത്ഥാടകർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ സൗദി അറേബ്യയിലെ ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കുകയാണ് മക്ക റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ലക്ഷ്യം. സൗദി അറേബ്യയിൽ എത്തിയാൽ ആഭ്യന്തര തീർത്ഥാടകരെപ്പോലെ പുറത്തിറങ്ങാൻ ഇവർക്ക് കഴിയും. ഇലക്ട്രോണിക് ഹജ്ജ് വിസ, ലഗേജുകൾ, താമസം, സൗദി അറേബ്യയിലെ യാത്ര തുടങ്ങിയ സൗകര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കാൻ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.