റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2022ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ കോവിഡ് -19 ൻറെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ, റഷ്യ-ഉക്രൈൻ യുദ്ധം ലോകരാജ്യങ്ങൾക്ക് തിരിച്ചടിയാണ് നൽകുന്നത്. അസംസ്കൃത വസ്തുക്കളുടെ ക്ഷാമത്തിലേക്ക് യുദ്ധം നയിക്കുന്നുവെന്ന് റിപ്പോർട്ടിൽ റിസർവ് ബാങ്ക് പറയുന്നു.
കോവിഡ്- 19, ചൈനയിലെ മാന്ദ്യം, പാരീസ് ഉടമ്പടി ലക്ഷ്യങ്ങളെ മറികടക്കുന്ന കാലാവസ്ഥാ സമ്മർദ്ദങ്ങൾ എന്നിവ ലോകത്തിലെ മറ്റ് സാമ്പത്തിക ആശങ്കകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൂലമായ അന്താരാഷ്ട്ര സംഭവവികാസങ്ങൾക്കിടയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. രാജ്യത്ത് രോഗമുക്തി ശക്തിപ്പെടുകയാണ്. മാക്രോ ഇക്കണോമിക് സാധ്യതകളും മെച്ചപ്പെടുന്നുണ്ടെന്ന് റിസർവ് ബാങ്ക് പറയുന്നു. മെയ് മാസത്തിൽ നടന്ന ഓഫ്-സൈക്കിൾ മീറ്റിംഗിൽ ഇന്ത്യൻ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ നിലനിർത്തുന്നതിനും റിസർവ് ബാങ്ക് മുൻഗണന നൽകിയിട്ടുണ്ട്.
2021-22 ൽ ഇന്ത്യ കോവിഡ് -19 പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറിയിരുന്നു. 2022-23 വർഷം മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഭൗമരാഷ്ട്രീയ ആഘാതത്തിൽ നിന്നും അതിൻറെ സ്പിൽഓവറുകളിൽ നിന്നും അപകടസാധ്യതകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടും പണപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ, സാമ്പത്തിക വളർച്ചയെ ബാധിക്കാതെ വർദ്ധിച്ചുവരുന്ന വില സമ്മർദ്ദങ്ങളെ നിയന്ത്രിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിൻ മുൻഗണന നൽകേണ്ട സമയത്ത് പണനയത്തെ പ്രതിരോധിക്കാൻ നിർബന്ധിതരാകുകയാണെന്ന് റിസർവ് ബാങ്ക് പറഞ്ഞു.