രാവിലെയും വൈകുന്നേരവും തിരക്കേറിയ റോഡുകൾക്ക് സമീപമുള്ള സ്കൂളുകൾക്ക് മുന്നിൽ ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുട്ടികൾക്ക് റോഡിന്റെ മറുവശത്ത് കടക്കാനും ഗതാഗതം ക്രമീകരിക്കാനും പൊലീസ് സഹായിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി. ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഡി.ജി.പി അനിൽകാന്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി.ശിവൻകുട്ടി ഈ ആവശ്യം ഉന്നയിച്ചത്.
മന്ത്രിയുടെ ചേംബറിലാണ് ചർച്ച നടന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. സ്കൂൾ തുറക്കുന്ന ദിവസം റോഡുകളിൽ അഭൂതപൂർവമായ തിരക്കിന് സാധ്യതയുണ്ടെന്നും പൊലീസ് വകുപ്പിന്റെ സഹായവും സഹകരണവും അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ തുറക്കുന്ന ദിവസം മാതാപിതാക്കൾ കുട്ടികളുമായി വാഹനങ്ങളിൽ വരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് പൊലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടത്.
സ്കൂളുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് സൈൻ ബോർഡുകളും സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികൃതരുടെ സഹായം ലഭ്യമാക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നൽകി. പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും പൊലീസ് സഹായത്തിനായി അടുത്തുള്ള സ്റ്റേഷൻ അധികൃതരുടെ സഹായം തേടാൻ മടിക്കരുതെന്നും മന്ത്രി പറഞ്ഞു.